ബി. സി. 261

ബി.സി. 261
എഴുത്തുകാർ: രഞ്ജു കിളിമാനൂർ, ലിജിൻ ജോൺ
പ്രസാധകർ : മാതൃഭൂമി ബുക്സ്

ഒരു മിസ്റ്ററി ത്രില്ലർ സിനിമ ഒരുക്കുന്നതിനുള്ള ശ്രമത്തിൽ തുടങ്ങി നാലുവർഷം നീണ്ട യാത്രയിൽ എഴുതിയും തിരുത്തിയും രൂപംമാറ്റിയും ചുരുക്കിയും വിശദീകരിച്ചും വെട്ടിയൊതുക്കിയ ഒരു സുന്ദര ശിൽപം, അതാണ് ബി.സി. 261.

     നോവലിന്റെ രൂപത്തിലാണ് അനുവാചകന്റെ കൈകളിലേയ്ക്ക് രഞ്ജു കിളിമാനൂരും ലിജിൻ ജോണും തങ്ങളുടെ നാലുവർഷത്തെ ചർച്ചകളെയും സ്വപ്നങ്ങളെയും പ്രയത്നത്തെയും വച്ചുകൊടുത്തിട്ടുള്ളത് എങ്കിലും ആദ്യം കണ്ടുതുടങ്ങിയ സിനിമ എന്ന സ്വപ്നത്തെ പൂർണ്ണമായും ഉപേക്ഷിക്കാനും എഴുത്തിൽ തയാറായിട്ടില്ല. നോവൽ വായിക്കുന്ന വായനക്കാരനിൽ രംഗങ്ങളുടെ ലളിതവും ചടുലവുമായ വിശദീകരണങ്ങളിലൂടെ സിനിമാ പ്രേക്ഷകന് ലഭിക്കുന്ന ദൃശ്യാനുഭൂതി ഉണ്ടാക്കിയെടുക്കാനാണ് എഴുത്തുകാർ ആവേശം കാണിച്ചിട്ടുള്ളത്. അവതാരികയിൽ ജി.ആർ. ഇന്ദുഗോപനും ഈ "നോവലിനുള്ളിലെ സിനിമയെഴുത്തിനെ"പ്പറ്റി നിരീക്ഷിച്ചിട്ടുണ്ട്. യുദ്ധരംഗങ്ങളും സംഘട്ടന രംഗങ്ങളും വായനക്കാരൻ ദൃശ്യങ്ങളായി കാണണം എന്ന എഴുത്തുകാരുടെ വാശി വിജയിച്ചിട്ടുണ്ട്. ഒരു സിനിമ കണ്ടുതീർത്ത ദൃശ്യാനുഭൂതി ഈ നോവൽ സമ്മാനിക്കുന്നു.

     വായിച്ചറിഞ്ഞതും പഠിച്ചതുമായ ചരിത്രത്തെ ഒരു ഉദ്വേഗജനകമായ കഥയുടെ ഭാഗമാക്കുന്നത് എളുപ്പമല്ല. എഴുത്തുകാർ തങ്ങളുടെ അറിവ് പ്രസംഗിക്കുന്നു എന്ന തോന്നൽ വായനക്കാരന് ഉണ്ടാകാത്ത വിധം ചരിത്രം പറയുകയും അതുവഴി കഥ മനസിലാക്കാനാവശ്യമായ ചരിത്രജ്ഞാനം വായനക്കാരനിൽ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക ശ്രമകരമാണ്. അതിൽ എഴുത്തുകാർ പൂർണ്ണമായും വിജയിച്ചിരിക്കുന്നു. എവിടെയാണ് ചരിത്രം അവസാനിക്കുകയും കെട്ടുകഥ ആരംഭിക്കുകയും ചെയ്യുന്നത് എന്ന് വായനക്കാരന് മനസിലാകാത്ത വിധം സുന്ദരമായി തങ്ങളുടെ കഥയുമായി ചരിത്രത്തെ കൂട്ടിയാേജിപ്പിക്കാൻ എഴുത്തുകാർക്ക് കഴിഞ്ഞു.

     വർഷങ്ങൾക്കു മുൻപ് ഡാവിഞ്ജി കോഡ് വായിച്ച ഓർമ്മകൾ നോവൽ വായനയ്ക്കിടയിൽ എന്നെത്തേടിയെത്തി. പസിലുകളുടെ നിർധാരണവും മിത്തും ചരിത്രവും വർത്തമാനവും കലർത്തിയ കഥപറച്ചിൽ രീതിയും അതി സുന്ദരമായി വായിച്ചറിഞ്ഞത് അതിലാണ്. മലയാളത്തിന്റെ ഡാവിഞ്ജി കോഡ് എന്ന് ഈ നോവലിനെ വിശേഷിപ്പിക്കാനാകുമോ എന്ന് എനിക്കറിയില്ല. നിധിവേട്ടക്കാരുടെ കഥപറയുന്ന സിനിമകളിൽ നിന്നും, ഏഴാം അറിവ്, യോധ പോലുള്ള സിനിമകളിൽ നിന്നും നമ്മുടെ മനസ്സിൽ പറ്റിക്കൂടിയ പല തരം ദൃശ്യങ്ങളെ പലഭാഗങ്ങളിലായി നോവൽ തട്ടിയുണർത്തി നമ്മുടെ മുന്നിൽക്കാെണ്ടുനിൽത്തും.   മറ്റനേകം ഭാഷകളിലേയ്ക്കും വിവർത്തന സാധ്യതയുള്ള ബി.സി.261 എന്ന ചടുല സുന്ദരമായ ഈ ത്രില്ലർ അതിന്റെ ചലച്ചിത്ര രൂപത്തിൽ കാണാനാകട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

     സിനിമയെ പറ്റി പറയുമ്പോൾ നമ്മൾ ആദ്യ പകുതി രണ്ടാം പകുതി എന്നിങ്ങനെ പ്രത്യേകം പ്രത്യേകം എടുത്തുപറയാറുണ്ട്. ഇവിടെയും അത് പ്രയോഗിക്കുകയാണെങ്കിൽ അതിസുന്ദരമായിരുന്നു രണ്ടാം പകുതി. ആദ്യ പകുതിയിൽ കുറ്റാന്വേഷണ നോവലിന്റെ മുഖമുള്ള പുസ്തകം മിത്തോളജിയിലേയ്ക്കും ചരിത്രത്തിലേയ്ക്കുഎല്ലാം വായനക്കാരനെ പിടിച്ചിടുന്നത് രണ്ടാം പകുതിയിൽ ആണ് എന്ന് തോന്നി.

     നോവൽ ശരീരത്തിലുടനീളം അത് സിനിമയെ സ്വപ്നം കാണുന്നുണ്ട്. ഒരുപക്ഷേ അതാണ് ഈ നോവലിന്റെ രചനാശൈലി. ആ ശൈലികൊണ്ട് ഏതുതരം വായനക്കാർക്കും അനായാസമായ വായനാനുഭവം സമ്മാനിക്കുന്നതിൽ നോവൽ വിജയിച്ചു.

      ഒരു ത്രില്ലർ ആയതിനാൽ കഥയിലേയ്ക്ക് കടന്ന് കൂടുതൽ എന്തെങ്കിലും പറയാൻ കഴിയില്ല എന്ന ബുദ്ധിമുട്ട് ഉണ്ട്. അത് നിങ്ങളുടെ വായനാനുഭവത്തെ ബാധിച്ചേക്കാമല്ലാേ. ആവേശപൂർവം വായിച്ചുതീർക്കാനാകുന്ന ഒരു വായനാനുഭവം ബി.സി.261 ഉറപ്പു നൽകുന്നുണ്ട്. ആദ്യ പതിപ്പിനു ലഭിച്ച അതിഗംഭീര സ്വീകാര്യത ഇനിയും അനേകം പതിപ്പുകളിലേയ്ക്ക് പുസ്തകം സഞ്ചരിക്കും എന്നതിന്റെ സൂചനയാണ്. ഒപ്പം മറ്റുഭാഷകളിലേയ്ക്കും ദൃശ്യരൂപത്തിലേയ്ക്കും കഥതുടരട്ടേ എന്ന് ആശംസിക്കുന്നു.

~ഹരി

Comments

Popular posts from this blog

2024 : ട്രാൻസിസ്റ്റർ

Transistor... edited