2023 : അറയ്ക്കൽ കാവ്

പ്രിയ സുഹൃത്ത് സബിതയുടെ അറയ്ക്കൽ കാവ് എന്ന പുസ്തകം വായിച്ചു തീർന്നു. അറയ്ക്കൽ കാവ്, ആത്മാവ് പറഞ്ഞത് എന്നിങ്ങനെ രണ്ട് നോവലെറ്റുകൾ അടങ്ങിയ എൻപത്തിയൊന്ന് പേജുകൾ ഉള്ള ചെറിയ ഒരു പുസ്തകമാണ് അറയ്ക്കൽ കാവ്. പ്രസാധകർ മഞ്ജരി ബുക്സ്.

     പുസ്തകത്തിന്റെ പുറംചട്ടയിലെ ചിത്രങ്ങൾ ഒരു ഹൊറർ പുസ്തകത്തിലേയ്ക്കാണ് നിങ്ങൾ കൈവയ്ക്കാനാെരുങ്ങുന്നത് എന്ന് സൂചന നൽകുന്നു. കവർ കൂടുതൽ ഭംഗിയാക്കാമായിരുന്നു എന്ന് പ്രസാധകരെ ഓർമ്മപ്പെടുത്തട്ടേ. കവർ ചിത്രവും അറയ്ക്കൽ കാവ് എന്ന പേരും ഒക്കെ സൂചിപ്പിക്കുന്നത് പോലെ മരണാനന്തരം എന്തെങ്കിലും ഉണ്ടെങ്കിൽ അവരുടെകൂടി സാനിധ്യമുള്ളതാണ് പുസ്തകത്തിലെ രണ്ട് നൊവെല്ലകളും. ആദ്യ നൊവെല്ല ഹൊറർ മൂഡ് നിലനിർത്തിക്കാെണ്ടാണ് മുന്നോട്ട് പോകുന്നതെങ്കിൽ രണ്ടാമത്ത നൊവെല്ല വായനക്കാരുടെ മനസിൽ നൊമ്പരമാകും ബാക്കിവയ്ക്കുന്നത്.

     ഭൂത പ്രേത പിശാചുകളെപ്പോലും പിന്നിലാക്കുന്ന ക്രൂരമനസ്സിനുടമയായ രാമവാര്യരും അയാൾ നടത്തുന്ന പരമ്പര കൊലപാതകങ്ങളിൽ ദിഗംബരന്റെ ശിവപുരത്തെപ്പാേലെ (അങ്ങനെ തന്നല്ലേ അനന്ദഭദ്രത്തിലെ ഗ്രാമത്തിന്റെ പേര് ) അന്ധവിശ്വാസങ്ങൾ ചേർത്തു പിടിച്ച് കഥകൾ മെനയുന്ന ഗ്രാമീണരും അറയ്ക്കൽ കാവിന് പശ്ചാത്തലമാകുന്നു. അവിടേയ്ക്ക് പുതുതായി എത്തുന്ന അന്വേഷണാേദ്യാേഗസ്ഥന്റെ യുക്തിപരമായ ഇടപെടലുകളിൽക്കൂടി യദാർത്ഥ കൊലയാളി വെളിച്ചത്തുവരുന്നു. ജീവിതത്തിരക്കുകളിൽ നിന്നാെക്കെ മാറി ഒരു മുത്തശ്ശിക്കഥ കേൾക്കുവാനുള്ള മൂഡിൽ നിങ്ങൾ ഒരു പുസ്തകം കൈയിലെടുക്കാൻ തീരുമാനിച്ചാൽ നിങ്ങൾക്ക് അറയ്ക്കൽ കാവിൽ ഒരു മരത്തിന്റെ ചോട്ടിലിരുന്ന് കുറച്ച് പേടിയുടെ അകമ്പടിയാേടെ സബിതയുടെ കഥ വായിക്കാം.

     സബിതയുടെ കലിപ്പനും കാന്താരിയുമാണ് ആത്മാവ് പറഞ്ഞ കഥയിലെ ഗൗതവും നന്ദൂട്ടിയും. വിടരും മുന്നേ കൊഴിഞ്ഞുപാേയ ഒരു കുഞ്ഞ് പനിനീർപ്പൂവിന്റെ കഥ. പ്രണയ കഥകളുടെ കൂട്ടത്തിൽ വ്യത്യസ്ഥമായ അവസ്ഥയിൽ, അരൂപിയായി നിന്നുകൊണ്ട് കഥപറയുന്ന ഒരു രചനാതന്ത്രത്തിലൂടെ സബിത വായനക്കാരുടെ ഹൃദയത്തിലും ആ പനിനീർച്ചെടിയുടെ മുള്ളുകൊണ്ട് ഒരു കുത്തുകുത്തുന്നു.

     ബുദ്ധിയെ വെല്ലുവിളിക്കുന്ന വലിയ വലിയ സങ്കീർണതകളുടെയാേ ട്വിസ്റ്റുകളുടെയാേ അമിതഭാരമില്ലാതെ കഥകേൾക്കുന്ന കുട്ടിയുടെ കൗതുകത്താേടെയിരുന്ന് രണ്ട് കഥകൾ വായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് അറയ്ക്കൽ കാവ് എന്ന പുസ്തകത്തിന് നേരേ കെെ നീട്ടാം

~ഹരി

Comments

Popular posts from this blog

2024 : ട്രാൻസിസ്റ്റർ

Transistor... edited