2023: ഷെർലക് ഹോംസും മുറിഞ്ഞവിരലുകളും : രഞ്ജു കിളിമാനൂർ

ഷെർലക് ഹോംസും മുറിഞ്ഞവിരലുകളും : രഞ്ജു കിളിമാനൂർ

ഒരു പകൽ യാത്രയെ സുന്ദരമാക്കിയ മുത്ത്...
മുത്ത് ഈ നോവലിൽ വളരെ പ്രസക്തമായ ഒന്നാണല്ലാേ... മുത്ത്, ക്രിസ്റ്റൽ എന്നാെക്കെയുള്ള വാക്കുകൾ പുതിയ അർത്ഥങ്ങളെ നേടിയെടുത്ത ഈ കാലത്ത്, നന്മവരാൻ നരബലി നൽകാമെന്ന് ഫെയിസ്ബുക് ഫ്രണ്ട് പറഞ്ഞാൽ പോലും വിശ്വസിക്കുന്ന, മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്നത് കണ്ടാസ്വദിക്കുന്ന ഇക്കാലത്ത് തിരുവനന്തപുരം നഗരത്തിന് ഏറെ അകലെയല്ലാതെ ഒരു പുരാവസ്തു (വ്യാജം, അതിനാണല്ലാേ കേരളത്തിൽ ഡിമാന്റ്) വിൽപന സ്ഥാപനത്തിൽ നിന്നു പ്രൈവറ്റ് ഡിറ്റക്റ്റീവ് അലക്സിയെ തേടി ഒരു കേസ് വരുന്നു.
     പത്താം ക്ലാസ് കഴിഞ്ഞ്, +1 ന് ക്ലാസ് തുടങ്ങുന്നതിന് മുൻപുള്ള വെക്കേഷൻ സമയത്താണ് ഞാൻ ആർദർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസ് കഥകളുടെ സമ്പൂർണ സമാഹാരം വായിക്കുന്നത്. കൈലാസ് ചേട്ടന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുമാണ് പുസ്തകം കിട്ടിയത് എന്നാണ് ഓർമ്മ. എന്തുകൊണ്ടാേ കുറ്റാന്വേഷണ കഥകളുടെ വായനയിലേയ്ക്ക് പിന്നീട് ഞാൻ അങ്ങനെ ആകർഷിക്കപ്പെട്ടിട്ടില്ല. ഡോയലിനെ വായിക്കുന്നതിന് മുൻപ് വായിച്ച കോട്ടയം പുഷ്പനാഥിന്റെ പേര് ഓർമയില്ലാത്ത ഒരു നോവലാണ് ഡോയലിന് പുറമേ ഇതുവരെ വായിച്ചിട്ടുള്ള മറ്റാെരു അപസർപക നോവൽ. വർഷങ്ങൾക്കിപ്പുറം എന്റെ നാട്ടിൽ നിന്നും ഏറെ അകലെയല്ലാതെ ജനിച്ച ഒരു മനുഷ്യൻ മലയാള സാഹിത്യത്തിലേയ്ക്ക് തന്റേതായ ഒരു പാത സുധീരം വെട്ടിയൊരുക്കി മുന്നാേട്ടുപാേകുന്നത് കണ്ട് ബഹുമാനം തോന്നിയാണ് ഷെർലക് ഹോംസും മുറിഞ്ഞ വിരലുകളും എന്ന പുസ്തകം വാങ്ങുന്നത്. എന്തും അനായാസം വായിച്ചു തീർക്കുന്ന കുട്ടി എന്നിൽ നിന്നും എവിടേയ്ക്കോ പോയിമറഞ്ഞതിനാൽ പുസ്തകം വായിച്ചു തുടങ്ങൽ നീണ്ടു നീണ്ട് പോയി. ഒടുവിൽ തിരൂർ നിന്നും തിരുവനന്തപുരം വരെ ഒരു പകൽയാത്ര വേണ്ടിവന്നപ്പാേൾ പുസ്തകവും കൂടെക്കൂടി.

     പതിവില്ലാത്തവിധം അവതാരിക പോലും വായിച്ചു കൊണ്ടാണ് തുടങ്ങിയത്. ആമുഖവും വായിച്ചുകഴിഞ്ഞ് നോവലിലേയ്ക്ക് കയറുമ്പോൾ ഇത്ര മനോഹരമായ ഒരു പുസ്തകമാണ് ഞാൻ വായിക്കാൻ ഒരുങ്ങുന്നത് എന്ന് അറിയില്ലായിരുന്നു.

     മാജിക് ഷോകൾ നടക്കുമ്പാേൾ മജീഷ്യൻമാർ ഇടയ്ക്കിടെ പറയാറുണ്ട്, മറ്റേത് കലാരൂപവും പോലെയല്ല, മജീഷ്യന്റെ പരാജയമാണ് മുന്നിലിരിക്കുന്ന കാണികൾ ഒന്നാകെ കാത്തിരിക്കുന്നതെന്ന്. മുയലിനെ എടുക്കാൻ ശ്രമിക്കുമ്പോൾ, ഹാ ആ കുപ്പായ കെെക്കുള്ളിൽ താൻ മുയലിനെ സൂക്ഷിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം എന്ന് ചിന്തിച്ചിരിക്കുന്ന കാണികളെ അത്ഭുതപ്പെടുത്തുന്ന കയ്യടക്കത്താേടെ അന്തരീക്ഷത്തിൽ നിന്നും വന്നെന്നവിധം മുയൽ പ്രത്യക്ഷപ്പെട്ടാലേ മാജിക് വിജയിക്കൂ. അവന്റെ തന്ത്രം എന്താണെന്ന് കാണി ഊഹിക്കുന്നതിലും അപ്പുറമാകണം മജീഷ്യന്റെ ചിന്ത. എഴുത്തിൽ ആ വെല്ലുവിളി ഏറ്റവും നേരിടുന്നത് കുറ്റാന്വേഷണ കഥകൾ എഴുതുന്നവരാകും. എഴുത്തുകാരൻ വച്ചുനീട്ടുന്ന ഓരോ തുമ്പുകളിൽ നിന്നും വായനക്കാർ പ്രതിയെ തിരയും. കഥയിലെ കുറ്റാന്വേഷകന്റെ കണ്ണിൽ പെടാത്തതു പോലും തങ്ങൾ കണ്ടതായി നടിക്കും. ഒരുതരത്തിൽ, ആ കഥാപാത്രങ്ങളേക്കാൾ, അതെഴുതിയ എഴുത്തുകാരനേക്കാൾ ബുദ്ധി തങ്ങൾക്കുണ്ട് എന്ന് തെളിയിക്കാൻ വായനക്കാരൻ ശ്രമിച്ചുകൊണ്ടേയിരിക്കും. വായനക്കാരൻ ഉയർത്തുന്ന ആ വെല്ലുവിളികളെ, ലോജിക്കില്ലായ്മ എന്ന കളിയാക്കലിന്റെ വാളുകളെ, ദുർബലമായ ട്വിസ്റ്റുകൾ എന്ന പോരായ്മകളെ ഒക്കെ അതിജീവിക്കുമ്പോളാണ് ഒരു എഴുത്തുകാരനും അയാൾ സൃഷ്ടിച്ച കഥാപാത്രങ്ങളും തങ്ങളുടെ ജൈത്രയാത്ര തുടങ്ങുന്നത്. രഞ്ജു കിളിമാനൂരും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും വായനക്കാരിൽ നിന്നും ആ വിശ്വാസം നേടിക്കഴിഞ്ഞിരിക്കുന്നു. ഒറ്റയിരിപ്പിന് ഒരു പുസ്തകം മുഴുവൻ വായിച്ചുതീർക്കാനാകുന്ന ഒരു ഒഴുക്ക് എഴുത്തുകാരൻ ഭാഷയിൽ സ്വായക്തമാക്കികഴിഞ്ഞിരിക്കുന്നു. അഗാധമായ ഗവേഷണവും ഭാഷയിൽ നേടിയെടുത്ത ഈ ഒഴുക്കും തന്റെ നൈസർഗിക പ്രതിഭയും കൊണ്ട് അയാൾ പുതിയൊരു കഥാ പ്രപഞ്ചം സൃഷ്ടിക്കാൻ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

     ഹോംസും വാട്സണും പോലെ അലക്സിയും സുഹൃത്തും അന്വേഷണ കഥകൾ എഴുതിയെടുക്കുന്ന സഹപ്രവർത്തകനും സഹയാത്രികനും ഒക്കെയായ ജോണും ആ പുരാവസ്തു വ്യാപാരി നയിച്ച് ആനയിച്ച വഴിയേ (😜) അയാളുടെ ഗോഡൗണിൽ എത്തി ക്രൈം സീൻ വിലയിരുത്തി, ഹോംസിന്റെ അനുഗ്രഹാശിസ്സുകളാേടെ അവിടെ പ്രത്യക്ഷപ്പെട്ട മുറിച്ച വിരളിനു പിന്നിലെ രഹസ്യം തേടി സഞ്ചരിക്കുകയും രണ്ട് കൊലപാതകങ്ങളുടെ ചുരുൾ അഴിക്കുകയുമാണ്. കഥ നടക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. നല്ല പരിചയമുള്ള സ്ഥലങ്ങൾ കഥാപരിസരങ്ങളായി വരുമ്പോൾ വായിക്കാൻ അതും ഒരു കൗതുകം

     കണ്ണൂർ ആലപ്പുഴ ഇന്റർസിറ്റി എക്സ്പ്രസിൽ ഇരുന്ന് തുടങ്ങിയ വായന എറണാകുളം എത്തിയപ്പോൾ നൂറുപേജുകളിലേറെ കടന്നിരുന്നു. എറണാകുളത്ത് ഇറങ്ങി, വന്ന ജോലികൾ പൂർത്തിയാക്കി ശബരി എക്സ്പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിൽ കയറിയപ്പോൾ ഭാഗ്യത്തിന് ജനാലയ്ക്കരികിലെ സീറ്റുതന്നെ കിട്ടി (സത്യത്തിൽ ഓട്ട മത്സരത്തിൽ ഫോട്ടാേഫിനിഷിൽ നേടിയെടുത്തു എന്ന് പറയണം). വായന നിർത്തിയ ഇടത്തു നിന്നും തുടർന്നു. തിരുവല്ല എത്തുന്നതിന് മുന്നേ അലക്സി അന്വേഷണം പൂർത്തിയാക്കി പ്രതികളെ പോലീസിന് സമാനിച്ചു. ഇനി അതിന്റെ കൂടുതൽ വാദപ്രതിവാദങ്ങൾ ഏതോ ഒരു സെഷൻസ് കോടതിൽ നടക്കുമായിരിക്കും. എനിക്ക് വർക്കലയാേ തിരുവനന്തപുരമോ റയിൽവേ സ്റ്റേഷനിൽ ഇറങ്ങി വീട്ടിലേയ്ക്ക് പോകാം. ഏതായാലും പിന്നും മണിക്കൂറുകൾ ട്രൈനിൽ ഇരിക്കണം. കുറച്ചു സമയം ഫെയിസ്ബുക്കിലും വാട്സാപ്പിലും കറങ്ങി ഒപ്പം ഞാൻ ഈ വായനാക്കുറിപ്പും എഴുതുകയാണ്. ട്രൈൻ ഇപ്പോൾ മൺറോതുരുത്ത് ആണെന്ന് തോന്നുന്നു. ജനാലയ്ക്ക് പുറത്ത് മനോഹരമായ കാഴ്ചകൾ... (അടുത്ത സൗഹൃദം ഒന്നും ഇല്ലെങ്കിലും എഴുത്തുകാരന് FB യിൽ വായിച്ച് തീർന്ന സന്തോഷം മെസേജായി അയച്ചിട്ടുണ്ട്. ഡ്യൂട്ടിയിലാണ് എങ്കിൽ ഏതെങ്കിലും സ്റ്റോപ്പിൽ നിർത്തിയിടുമ്പോൾ, തിരക്കിനിടയിൽ ടിക്കറ്റു കൊടുത്ത് ക്ഷീണിച്ച് സീറ്റിലിരുന്ന് ഫോൺ എടുത്ത് നോക്കുമ്പാേൾ ആ മെസേജുകൾ അയാൾ കാണും. തീർച്ചയായും ഒരു ചെറിയ പുഞ്ചിരിയെങ്കിലും അയാളിൽ വിരിയും)

      പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ തീർച്ചയായും രഞ്ജു കിളിമാനൂർ ന്റെ ഷെർലക് ഹോംസും മുറിഞ്ഞ വിരലുകളും എന്ന നോവൽ വായിക്കാം. ഒരു ബാഹുബലി ഐറ്റം രഞ്ജു ചേട്ടൻ അണിയറയിൽ ഒരുക്കുന്നുണ്ട് എന്ന് FB യിൽ നിന്നും മനസിലാക്കിയിട്ടുണ്ട്, പുസ്തകത്തിനായി കാത്തിരിക്കുന്നു... അതിനു മുൻപ് സ്വന്തമായി പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം കൂടി വായിച്ചിരിക്കും...

-ഹരികൃഷ്ണൻ ജി. ജി. 

Comments

Popular posts from this blog

2024 : ട്രാൻസിസ്റ്റർ

Transistor... edited