സൂസന്നയുടെ ഗ്രന്ഥപ്പുര : അജയ് പി മങ്ങാട്ട്
സൂസന്നയുടെ ഗ്രന്ഥപ്പുര
- അജയ് പി. മങ്ങാട്ട്
ഒരു പുസ്തകം വായിച്ചു തീരുമ്പോൾ അറിയാതെ ഒരു നെടുവീർപ്പുയരും. മനസ് നിറഞ്ഞ് അവസാന താളിൽ ഒടുവിലത്തെ വാക്കിനും താഴെയുള്ള ശൂന്യതയിലേക്ക് നോക്കും. ഒരിക്കലും വായന അവസാനിപ്പിക്കരുത് എന്ന് കരുതിയിടത്തുനിന്നും ഒരു നിർവൃതിയോടെ പുസ്തകം അടച്ചുവയ്ക്കും.
സൂസന്നയുടെ ഗ്രന്ഥപ്പുര വായിക്കാൻ ആരംഭിക്കുന്നതിന് മുൻപുതന്നെ അത് വായിച്ചു തീർന്നാൽ എഴുതുവാനുള്ള കുറിപ്പിന്റെ ആലോചനകൾ തുടങ്ങിയിരുന്നു എന്നതാണ് സത്യം. ആ സമയത്ത് അത് ഇങ്ങനെ ഒന്നായിരുന്നില്ല, അടുത്തകാലത്ത് മലയാളത്തിൽ ഏറ്റവുമധികം വിറ്റുപോയ പുസ്തകത്തെപ്പറ്റിയുള വിശേഷം പറച്ചിലായിരുന്നു അത്.
പുസ്തകത്തെപ്പറ്റിയുള്ള വായിച്ചറിവിൽ നിന്നും മനസിൽ രൂപപ്പെട്ടിരുന്ന ചിത്രവും നേരിൽ വായിച്ചറിഞ്ഞ ഗ്രന്ഥവും തീർത്തും വിഭിന്നം. ഏറ്റവും കുറച്ച് സമയമെടുത്ത് വായിച്ചുതീർത്ത പുസ്തകങ്ങളിൽ ഒന്ന്.
താൻ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുപോലെ ഒന്നിൽ നിന്നും തുടങ്ങിയതാണ് ഇന്നു കാണുന്ന ഈ പുസ്തകം എന്ന് എഴുത്തുകാരൻ പറയുന്നു. മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രൊമോഷൻ എന്നവണ്ണം വന്ന പുസ്തകത്തിലെ ഒരു അധ്യായമാേ മറ്റാേ വായിച്ച നാൾമുതൽ ഈ നോവൽ പൂർണമായും വായിക്കണം എന്ന മോഹം മനസിലുണ്ട്. കാഫ്കയെ കുറിച്ചുള്ള സൂസന്നയുടെ ആ ഒരൊറ്റ പരാമർശമായിരുന്നു പ്രലോഭനങ്ങളിൽ മുഖ്യം. തുടർച്ചയായ വായന നിലച്ച കാലങ്ങളിലൊന്നിൽ ഒറ്റയ്ക്കും തെറ്റയ്ക്കും വായിച്ച ചില പുസ്തകങ്ങളിൽ ഒന്ന് കാഫ്കയുടെ വിചാരണ ആയിരുന്നു. അന്നുമുതൽ ആ എഴുത്തുകാരൻ മനസിന്റെ ഒരുകോണിൽ സ്ഥാനമുറപ്പിച്ചു. അയാളെപ്പറ്റി പ്രിയത്തോടെ പറയുന്നവരും പ്രിയപ്പെട്ടവരായി. അതുതന്നെയാണ് സൂസന്നയുടെ വായനയിലേയ്ക്കും നയിച്ചത്.
പുസ്തകം പ്രിയമുള്ള ഒരുവളെപ്പോലെ അടുത്തിരുന്ന് സംസാരിച്ചു. അവളുടെ കണ്ണുകളിൽ നോക്കിയിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. ആദ്യ ദിവസം ഏറെ വൈകുവോളം അവളോട് സംസാരിച്ചിരുന്ന് കിടന്നുറങ്ങിയതാണ്. പിറ്റേന്ന് ജോലി കഴിഞ്ഞ് മുറിയിലേയ്ക്ക് ഓടുമ്പോഴും കൂട്ടിന് ഒരാൾ കാത്തിരിക്കുന്നുണ്ടല്ലാേ എന്ന സന്തോഷമായിരുന്നു. വായിച്ചു തീർന്നുപോയതിൽ നിരാശയില്ല, ഇനിയും ഒരുപാടുവട്ടം ആവർത്തിച്ചാലും ഇവളുടെ വർത്തമാനം വിരസമാകില്ല എന്ന് തോന്നുന്നു.
രസകരമായ വായനാനുഭവം നൽകുന്ന ജീവനുള്ള ഒരു നോവലാണ് സൂസന്നയുടെ ഗ്രന്ഥപ്പുര. അലിയും, അഭിയും, കാർമേഘവും, അമുദയും ഫാത്വിമയും തണ്ടിയേക്കന്റെ മകൾ സൂസന്നയും അവളുടെ ഭർത്താവായിരുന്ന ജോസഫും അവരുടെ കുഞ്ഞായ പോളും ഒരിടത്തും പൊറുതി കിട്ടാതെ അലഞ്ഞു നടക്കുന്ന വെള്ളത്തൂവൽ ചന്ദ്രനും ജലയും സരസയും ലക്ഷ്മിയും നീലകണ്ഡൻ പരമാരയും നെരൂദയും ദോസ്ത്യോസ്കിയും കാഫ്കയും അന്ന അഖ്മത്തോവയും അങ്ങനെ ജീവിച്ചിരുന്നവരും നോവലിൽമാത്രം ജീവിക്കുന്നവരുമായ അനേകം അക്ഷരകാമികളുടെ ഒരു പേടകം.
അച്ചടിമഷിപുരണ്ട് രണ്ട് വർഷങ്ങൾക്കകം ഇരുപത്തിഒന്നാം പതിപ്പിലേക്ക് ഒരു പുസ്തകം വളർന്നെങ്കിൽ അതിന് മറ്റ് സാക്ഷ്യപത്രങ്ങളുടെ ഒന്നും ആവശ്യമില്ലല്ലാേ...
ഹരികൃഷ്ണൻ ജി.ജി. 💘
Comments
Post a Comment