ബി. സി. 261
ബി.സി. 261 എഴുത്തുകാർ: രഞ്ജു കിളിമാനൂർ, ലിജിൻ ജോൺ പ്രസാധകർ : മാതൃഭൂമി ബുക്സ് ഒരു മിസ്റ്ററി ത്രില്ലർ സിനിമ ഒരുക്കുന്നതിനുള്ള ശ്രമത്തിൽ തുടങ്ങി നാലുവർഷം നീണ്ട യാത്രയിൽ എഴുതിയും തിരുത്തിയും രൂപംമാറ്റിയും ചുരുക്കിയും വിശദീകരിച്ചും വെട്ടിയൊതുക്കിയ ഒരു സുന്ദര ശിൽപം, അതാണ് ബി.സി. 261. നോവലിന്റെ രൂപത്തിലാണ് അനുവാചകന്റെ കൈകളിലേയ്ക്ക് രഞ്ജു കിളിമാനൂരും ലിജിൻ ജോണും തങ്ങളുടെ നാലുവർഷത്തെ ചർച്ചകളെയും സ്വപ്നങ്ങളെയും പ്രയത്നത്തെയും വച്ചുകൊടുത്തിട്ടുള്ളത് എങ്കിലും ആദ്യം കണ്ടുതുടങ്ങിയ സിനിമ എന്ന സ്വപ്നത്തെ പൂർണ്ണമായും ഉപേക്ഷിക്കാനും എഴുത്തിൽ തയാറായിട്ടില്ല. നോവൽ വായിക്കുന്ന വായനക്കാരനിൽ രംഗങ്ങളുടെ ലളിതവും ചടുലവുമായ വിശദീകരണങ്ങളിലൂടെ സിനിമാ പ്രേക്ഷകന് ലഭിക്കുന്ന ദൃശ്യാനുഭൂതി ഉണ്ടാക്കിയെടുക്കാനാണ് എഴുത്തുകാർ ആവേശം കാണിച്ചിട്ടുള്ളത്. അവതാരികയിൽ ജി.ആർ. ഇന്ദുഗോപനും ഈ "നോവലിനുള്ളിലെ സിനിമയെഴുത്തിനെ"പ്പറ്റി നിരീക്ഷിച്ചിട്ടുണ്ട്. യുദ്ധരംഗങ്ങളും സംഘട്ടന രംഗങ്ങളും വായനക്കാരൻ ദൃശ്യങ്ങളായി കാണണം എന്ന എഴുത്തുകാരുടെ വാശി വിജയിച്ചിട്ടുണ്ട്. ഒരു സിനിമ കണ്ടുതീർത്ത ദൃശ്യാനുഭൂതി ഈ നോവൽ സമ്മാനിക്കുന...